മേപ്പാടി : ഉരുൾപൊട്ടൽ മേഖലയായ മുണ്ടക്കൈ-ചൂരൽമല പ്രദേശങ്ങളിൽ താമസിച്ചിരുന്ന അതിഥി തൊഴിലാളികൾ സുരക്ഷിതർ. ഉരുൾപൊട്ടലിൽ മൂന്ന് അതിഥി തൊഴിലാളികളെ കാണാതാവുകയും ഒരാൾ മരണപ്പെടുകയും ചെയ്‌തു. ഒരാൾ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ട്.
ഈ മേഖലയിൽ നിന്നും 406 പേരെയാണ് ജില്ലയിൽ പ്രവർത്തിക്കുന്ന വിവിധ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചത്. അസം, മധ്യപ്രദേശ്, ബീഹാർ, ഹിമാചൽ പ്രദേശ്, ഝാർഖണ്ഡ്, കർണാടക, രാജസ്ഥാൻ, തമിഴ്‌നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഇവർ ഹാരിസൺ മലയാളം ലിമിറ്റഡ്, റാണിമല എസ്റ്റേറ്റ് തുടങ്ങിയ ഇടങ്ങളിൽ ജോലി ചെയ്യുന്നവരും കുടുംബാംഗങ്ങളുമാണ്. ഹാരിസൺ മലയാളം ലിമിറ്റഡിന് കീഴിൽ 321 പേരും റാണിമല എസ്റ്റേറ്റ് മേഖലയിൽ 28 തൊഴിലാളികളുമാണുള്ളത്കൽപ്പറ്റ എസ്.കെ.എം.ജെ സ്‌കൂൾ, മേപ്പാടി സെന്റ് ജോസഫ് യു.പി സ്‌കൂൾ, കോട്ടനാട് യു.പി സ്കൂൾ, മേപ്പാടി ജി.എൽ.പി സ്കൂൾ, മേപ്പാടി ഗവ ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ ആറ് ക്യാമ്പുകളിലേക്കാണ് ഇവരെ മാറ്റി താമസിപ്പിച്ചത്. തൊഴിൽ വകുപ്പ് ജില്ലയിൽ എത്തുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാൻ ആവാസ് ഫെസിലിറ്റേഷൻ സെൻ്റർ സംവിധാനവും ഉപയോഗപ്പെടുത്തിയിരുന്നു. ക്യാമ്പുകളിലുള്ള അതിഥി തൊഴിലാളികൾക്ക് ജില്ലാഭരണകൂടം കൗൺസിലിങും ഭക്ഷണവും ഉറപ്പാക്കുന്നുണ്ട്.
തൊഴിൽ വകുപ്പിന് കീഴിലുള്ള വിവിധ ക്ഷേമനിധി ബോർഡുകളിൽ അംഗത്വമുള്ള തൊഴിലാളികൾ ക്യാമ്പുകളിൽ ഉണ്ടോയെന്നറിയാൻ വിവരശേഖരണത്തിനായി പ്രത്യേക സംഘത്ത നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ തൊഴിൽ വകുപ്പ് ഓഫീസർ ജി. ജയേഷ് അറിയിച്ചു. ഡെപ്യൂട്ടി ലേബർ ഓഫീസർ എസ്.പി ബഷീർ, വൈത്തിരി, മാനന്തവാടി, സുൽത്താൻ ബത്തേരി താലൂക്കുകളിലെ അസിസ്റ്റന്റ് ലേബർ ഓഫീസർമാരായ ജി. നിതീഷ്, എ.കെ വിനീഷ്, സി.എ അബ്‌ദുൽ റഹീം, കൽപ്പറ്റ, മാനന്തവാടി പ്ലാന്റേഷൻ ഓഫീസർമാരായ ആർ. പ്രിയ, വിനയൻ എന്നിവർ ഫീൽഡ് തല വിവരശേഖരണത്തിന് നേതൃത്വം നൽകുന്നു.
One of the guest workers died. One is under treatment. 3 people are missing.